Purchasing shares through IPO
ഒരു കമ്പനിയുടെ മൊത്തം മൂലധനത്തെ വിവിധ യൂണിറ്റുകളായി വിഭജിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഓഹരികള്‍ രൂപം കൊള്ളുന്നത്. ഇങ്ങനെ വിഭജിക്കപ്പെടുന്ന യൂണിറ്റുകള്‍ അഥവാ ഓഹരികള്‍ കൈവശം വെക്കുന്നതിന്റെ തോത് അനുസരിച്ചാണ് കമ്പനിയുടെ ഉടമസ്ഥാവകാശം നിര്‍ണയിക്കപ്പെടുന്നത്. ഉദാഹരണത്തിന് ഒരു കോടി ഓഹരികളുള്ള ഒരു കമ്പനിയുടെ 10 ലക്ഷം ഓഹരികള്‍ കൈവശം വെക്കുന്ന ഒരാള്‍ക്ക് കമ്പനിയില്‍ 10 ശതമാനം ഉടമസ്ഥാവകാശമാണുള്ളത്. ഒരു നിക്ഷേപകന്‍ ഓഹരികള്‍ വാങ്ങുന്നതിലൂടെ ആ കമ്പനിയുടെ ഉടമസ്ഥാവകാശമാണ് അയാള്‍ക്ക് ലഭിക്കുന്നത്.
കമ്പനികള്‍ അവയുടെ പ്രവര്‍ത്തനങ്ങള്‍ക്കായും ഭാവിപദ്ധതികള്‍ക്കായും പണം കണ്ടെത്തുന്നതിന് അവലംബിക്കുന്ന ഒരു മാര്‍ഗ്ഗമാണ് ഓഹരികള്‍ വില്‍ക്കുക എന്നത്. കമ്പനി നേരിട്ട് ഇത്തരത്തില്‍ ഓഹരികള്‍ വില്‍ക്കാറുണ്ട്. പൊതുജനങ്ങള്‍ക്ക് ഓഹരികള്‍ വില്‍ക്കുന്നതിനായി കമ്പനികള്‍ അവലംബിക്കുന്ന വേദിയാണ് ഓഹരി വിപണി അഥവാ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്.
സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലൂടെ ഒരു കമ്പനിയുടെ ഓഹരി ഇടപാടുകള്‍ ചെയ്യുന്നതിന് രണ്ട് ഘട്ടത്തിലുള്ള നടപടി ക്രമങ്ങളുണ്ട്. ആദ്യമായി കമ്പനി ചെയ്യേണ്ടത് പ്രാഥമിക വിപണിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. അതിനു ശേഷമാണ് ദ്വിതീയ വിപണിയില്‍ ഓഹരിയുടെ വ്യാപാരം ആരംഭിക്കുന്നത്.
പ്രാഥമിക വിപണി
ഓഹരികള്‍ വില്‍ക്കുന്നതിലൂടെ ഫണ്ട് കണ്ടെത്താന്‍ ശ്രമിക്കുന്ന കമ്പനികള്‍, ഇതിനായി ബന്ധപ്പെട്ട അധികൃതരുടെ (സെബി) അനുമതി ലഭിച്ചതിനു ശേഷമുള്ള ആദ്യപടിയായി ഇനീഷ്യല്‍ പബ്ലിക് ഓഫറി (ഐപിഒ) ലൂടെ തങ്ങള്‍ നിശ്ചിത എണ്ണം ഓഹരികള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നതായി പൊതു ജനങ്ങളെ അറിയിക്കുന്നു. ഐപിഒ വിപണിയെയാണ് പ്രാഥമിക വിപണി എന്ന് വിശേഷിപ്പിക്കുന്നത്.
ഐപിഒയിലൂടെ ഓഹരി വില്‍ക്കുന്ന കമ്പനി ഓഹരിക്ക് ഒരു നിശ്ചിത വില നിലവാരം നിശ്ചയിച്ചിരിക്കും. ഈ വില നിലവാരത്തിനുള്ളില്‍ നിന്നുകൊണ്ട് തനിക്ക് അനുയോജ്യമായ വിലയ്ക്ക് ഓഹരി വാങ്ങാനുള്ള സന്നദ്ധത നിക്ഷേപകന് കമ്പനിയെ അറിയിക്കാം. ഉദാഹരണത്തിന് ഒരു കമ്പനി ഐപിഒ വിലയായി നിശ്ചയിക്കുന്നത് 100-120 രൂപയാണെന്ന് കരുതുക. അനുയോജ്യമായ വില 110 രൂപയാണെന്ന് കരുതുന്ന നിക്ഷേകന് ആ വിലയ്ക്ക് താന്‍ ഓഹരി വാങ്ങാന്‍ തയാറാണെന്ന് ഐപിഒ അപേക്ഷയില്‍ വ്യക്തമാക്കാവുന്നതാണ്.
ഐപിഒക്ക് ലഭിക്കുന്ന പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് ഓഹരി അനുവദിക്കുന്നതിനുള്ള അന്തിമ വില നിശ്ചയിച്ചിക്കുന്നത്. നിക്ഷേപകരില്‍ നിന്നും നല്ല പ്രതികരണം കിട്ടുന്ന മിക്ക ഐപിഒകളിലും ഓഹരി വിലയായി നിശ്ചയിക്കുന്നത് പ്രൈസ് ബാന്റിലെ ഏറ്റവും ഉയര്‍ന്ന വിലയായിരിക്കും. കമ്പനി നിശ്ചയിച്ച വിലയ്ക്ക് ഓഹരി വാങ്ങാന്‍ അപേക്ഷയില്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ള നിക്ഷേപകര്‍ക്കു മാത്രമേ ഓഹരികള്‍ അനുവദിക്കുകയുള്ളൂ. കമ്പനി നിക്ഷേപകന് ഓഹരി നല്‍കുന്നതിനായി നിശ്ചയിക്കുന്ന വിലയെയാണ് ഇഷ്യു പ്രൈസ് എന്ന് പറയുന്നത്.
ഇഷ്യു പ്രൈസ് നിശ്ചയിക്കുകയും ഓഹരികള്‍ നിക്ഷേപകര്‍ക്ക് അനുവദിക്കുകയും ചെയ്താല്‍ പ്രാഥമിക വിപണിയിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഇനിയാണ് ഓഹരി, ദ്വിതീയ വിപണിയില്‍ വ്യാപാരം ആരംഭിക്കുന്നത്. പ്രാഥമിക വിപണിയില്‍ അനുവദിക്കപ്പെട്ട ഓഹരികളുടെ വ്യാപാരം ദ്വീതിയ വിപണിയില്‍ ആരംഭിക്കുന്നത് നേരത്തെ നിശ്ചയിച്ച തീയതി അനുസരിച്ചായിരിക്കും. നിക്ഷേപകര്‍ക്ക് അനുവദിക്കപ്പെട്ട ഓഹരികള്‍ ഈ ദിവസം മുതല്‍ ദ്വീതിയ വിപണിയില്‍ വില്‍ക്കാനും വാങ്ങാനും സാധിക്കും.
ദ്വീതിയ വിപണിയുടെ നില അനുസരിച്ച് പ്രാഥമിക വിപണിയില്‍ അനുവദിക്കപ്പെട്ട ഓഹരികളുടെ വില ഉയരുകയോ താഴുകയോ ചെയ്യാം. ദ്വിതീയ വിപണിയില്‍ മുന്നേറ്റം നടക്കുന്ന ഘട്ടങ്ങളിലാണ് പൊതുവെ പ്രാഥമിക വിപണിയില്‍ നിന്ന് വാങ്ങിയ ഓഹരികളുടെ വില ഉയരുന്നത്. വിപണികാലാവസ്ഥ അനുകൂലമല്ലെങ്കില്‍ പ്രാഥമിക വിപണിയില്‍ നിശ്ചയിക്കപ്പെട്ടതിനേക്കാള്‍ താഴ്ന്ന വിലക്ക് ദ്വിതീയ വിപണിയില്‍ ഓഹരി വ്യാപാരം ചെയ്യപ്പെട്ടുവെന്നു വരാം.
ഐപിഒയിലൂടെ ഓഹരി വാങ്ങുമ്പോള്‍
പ്രാഥമിക വിപണിയില്‍ നിന്ന് ഓഹരികള്‍ വാങ്ങുന്ന ഒരു നിക്ഷേപകന്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത്. മികച്ച കമ്പനിയാണോ എന്നതാണ് ആദ്യത്തെ കാര്യം. കമ്പനി മികച്ചതാണെങ്കിലും ഓഫര്‍ വില ആകര്‍ഷകമാണെങ്കില്‍ മാത്രമേ പ്രാഥമിക വിപണി വഴി ഓഹരികള്‍ വാങ്ങുന്നതിന് ഒരുങ്ങാവൂ. ചെലവേറിയ ഐപിഒകളുമായി എത്തുന്ന കമ്പനികളുടെ ഓഹരികള്‍ കുറഞ്ഞ വിലക്ക് ദ്വിതീയ വിപണിയില്‍ നിന്ന് വാങ്ങുന്നതിന് അവസരം ലഭിച്ചുവെന്നുവരാം. അതിനാല്‍ ഐപിഒക്ക് അപേക്ഷിക്കുന്നതിന് മുമ്പ് വില ആകര്‍ഷകമാണോ എന്ന് വിലയിരുത്തുന്നതിന് വിദഗ്‌ധോപദേശം തേടുക. വിപണിയുടെ നില അനുകൂലമാണോ എന്ന് പരിശോധിക്കുകയാണ് മൂന്നാമത്തെ കാര്യം.
Courtesy to Mathrubhumi and sri, aravind
No comments:
Post a Comment