Sunday, 7 August 2011

SBI introduces paper less banking


ഇനി 'പേപ്പര്‍രഹിത' ബാങ്കിങ്‌


അടുത്ത തവണ ബാങ്കില്‍ പോകുമ്പോള്‍ ചിലപ്പോള്‍, പേ-ഇന്‍-സ്ലിപ്പും വിത്ത്‌ഡ്രോവല്‍ ഫോമും റെമിറ്റന്‍സ് ഫോമുമൊന്നും കണ്ടെന്നു വരില്ല. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, 'ദി ഗ്രീന്‍ ചാനല്‍' എന്ന പേരില്‍ പേപ്പര്‍രഹിത ബാങ്കിങ് സൗകര്യം ആരംഭിച്ചു. ഇതോടെ, ക്യൂ നില്‍ക്കാതെ തന്നെ ഇടപാടുകാര്‍ക്ക് ഇടപാട് നടത്തി മടങ്ങാം.

എടിഎം/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് എസ്ബിഐ പേപ്പര്‍ലെസ് ബാങ്കിങ് ഒരുക്കുന്നത്. ശാഖകളില്‍ സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സാക്ഷന്‍ പ്രോസസിങ് ഡിവൈസില്‍ (ടിപിഡി) കാര്‍ഡ് സൈ്വപ്പ് ചെയ്യുക വഴിയാണ് ഇത് സാധ്യമാകുന്നത്. കടകളിലും മറ്റു വാണിജ്യ കേന്ദ്രങ്ങളിലും സ്ഥാപിച്ചിരിക്കുന്ന പോയിന്റ് ഓഫ് സെയില്‍സ് (പിഒഎസ്) മെഷീന് സമാനമാണ് ഇത്. എന്നാല്‍ എടിഎം കൗണ്ടറുകളില്‍ നിന്ന് വ്യത്യസ്തവും. പണം നിക്ഷേപിക്കാനോ, ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാനോ നിലവില്‍ എടിഎമ്മുകള്‍ക്കാവില്ല. എന്നാല്‍ ടിപിഡിയില്‍ ഇത് സാധ്യമാണ്.

40,000 രൂപ വരെയുള്ള ഇടപാടുകള്‍ ഇത്തരത്തില്‍ നടത്താം. പണം നിക്ഷേപിക്കാനോ പിന്‍വലിക്കാനോ മറ്റൊരാള്‍ക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനോ ഈ സൗകര്യം ലഭ്യമാണ്.

തുടക്കത്തില്‍ 5,000ത്തോളം ശാഖകളിലാണ് എസ്ബിഐ പുതിയ സേവനം ലഭ്യമാക്കുന്നത്. ഭാവിയില്‍ കൂടുതല്‍ ശാഖകളിലേക്ക് ഇത് വ്യാപിപ്പിക്കും. എസ്ബിഐയ്ക്ക് നിലവില്‍ 14,437 ശാഖകളാണുള്ളത്.

ഓരോ ശാഖയിലേയും മൊത്തം ഇടപാടിന്റെ 10 ശതമാനമെങ്കിലും ഗ്രീന്‍ ചാനല്‍ കൗണ്ടറുകള്‍ വഴിയാകുമെന്നാണ് ബാങ്ക് കണക്കാക്കുന്നത്. എടിഎമ്മുകളെക്കാള്‍ ചെലവ് കുറവാണെന്ന സവിശേഷതയുമുണ്ട്. ഒരു എടിഎം മെഷീന് ഏതാണ്ട് നാല് ലക്ഷം രൂപ വിലയുണ്ട്. എന്നാല്‍ ടിപിഡിക്ക് 7,000 രൂപ മാത്രമേയുള്ളൂ.


Courtesy: Mathrubhumi daily

No comments:

Post a Comment